കോത്തഗിരിയിലെ ഊരു വിശേഷങ്ങൾ - ഒരു യാത്ര വിവരണം

arun13 Fri Nov 27 2020

credit: third party image reference

മലമ്പാമ്പിനെ പിടിക്കാനായി തമിഴ്‌നാട്ടിൽ നിന്നും രണ്ടുപേരെ ഫ്ലോറിഡ ഗവണ്മെന്റ് എല്ലാ ചിലവുകളും വഹിച്ചു കൊണ്ട് പോയത്, രണ്ടായിരത്തി പതിനേഴിൽ വലിയ പത്ര വാർത്തയായിരുന്നു.

ആയിരം പാമ്പുപിടിത്തക്കാർ ഒരു മാസം അദ്ധ്വാനിച്ചിട്ടും ആകെ പിടിച്ചത് നൂറ്റിയാറ് പാമ്പുകളെ മാത്രം. എന്നാൽ എഴുതാനും വായിക്കാനുമറിയാത്ത മാസിയും വടിവേലുവും ചേർന്ന് രണ്ടാഴ്ച കൊണ്ട് ഇരുപത്തിയേഴു പാമ്പിനെ പിടിച്ച് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു !

പാമ്പു പിടിത്തം കുലത്തൊഴിലാക്കിയ 'ഇരുളർ ' എന്ന ആദിവാസി ഗോത്രത്തിൽ പെട്ടവരായിരുന്നു മാസിയും വടിവേലുവും. പരമ്പരാഗതമായി പാമ്പിനെ പിടിക്കുന്ന, തമിഴ്‌നാട്ടിലും കേരളത്തിലും വേരുകളുള്ള ആദിവാസികളാണ് ഇരുളർ . തൊലിയുടെ ഇരുണ്ട നിറം കൊണ്ടാണ് പോലും ഇവർക്ക് ഈ പേര് ലഭിച്ചത്.

തോടരെ തേടി നീലഗിരിയിൽ പോയപ്പോഴാണ് വിജു പറഞ്ഞത് , കോത്തഗിരി അടുത്ത് ഇരുളരുടെ ഒരു ഗ്രാമമുണ്ടെന്ന്. ആഗമനോദ്ദേശം 'തോടരെ ' കാണാനായിരുന്നതു കൊണ്ട് ഇരുളരെ പിന്നീടൊരിക്കൽ കാണാം എന്ന് പറഞ്ഞു.

ഊട്ടിയിൽ നിന്ന് തിരികെ കൊച്ചിയിലേക്ക് പുറപ്പെടാൻ നിന്നപ്പോൾ വീണ്ടും, ' എന്തായാലും ഇവിടെ വരെ വന്നതല്ലേ ഇരുളരെ കൂടി കണ്ടിട്ട് പോകാം' എന്ന് വിജു പ്രലോഭിപ്പിച്ചു. അങ്ങനെയാണ് ഇരുളരുടെ ഊരിലേക്ക് മിന്നൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്.

credit: third party image reference

പാമ്പിനെ പിടിക്കുന്ന ഇരുളർ കൂടുതലും കാടിന് പുറത്തു നാട്ടിലാണ് താമസിക്കുന്നത്. ഞങ്ങൾ , കാട്ടിൽ വസിക്കുന്ന ഇരുളരെ കാണാനായിരുന്നു പോയത്.

കോത്തഗിരിയിൽ നിന്നും വിജുവിന്റെ വണ്ടിയിൽ തുമ്പിബെട്ടു ഗ്രാമത്തിലേക്ക് പുറപ്പെട്ടു . അവിടെ ഒരു രംഗനാഥ ക്ഷേത്രമുണ്ട് . ആ ക്ഷേത്രത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ പ്രത്യേക പൂജ നടക്കാറുണ്ട്. അതായിരുന്നു ആദ്യത്തെ ലക്‌ഷ്യം.

കോത്തഗിരിയിൽ നിന്നും കോടനാട് റോഡിൽ പ്രവേശിച്ചു, കൈകട്ടി വഴി കോത്തഗിരിക്ക് പോയി. അവിടെ കാരികയൂർ എന്ന സ്ഥലത്തിനടുത്താണ് തുമ്പിബെട്ടു. വഴിയിൽ ഇടവിട്ട് ഷോല കാടുകളും, തേയില തോട്ടങ്ങളും , കാപ്പി തോട്ടങ്ങളും എല്ലാം കാണാമായിരുന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്തു തുമ്പിബെട്ടിലെത്തി. അവിടെ വണ്ടി ഒതുക്കി, തേയില തോട്ടങ്ങളുടെ ഇടയിലൂടെ കുന്നിൻ മുകളിലേക്കു പോകുന്ന സിമന്റ് പാതയിലൂടെ നടന്നു.

കുന്നിന്റെ മുകൾ ഭാഗത്തു കൊടും വനമായിരുന്നു . മുയലിനെ പോലെ ചെവിയുള്ള പട്ടികൾ കൂട്ടത്തോടെ കുരച്ചു കൊണ്ട് വന്നു. അത് കേട്ട് , വിജുവിൻ്റെ സുഹൃത്തായ ശിവലിംഗം ഓടി വന്നു. അദ്ദേഹം ഞങ്ങളെയും കൂട്ടി കാടിനുള്ളിലേക്ക് പോയി.

അവിടെ വഴിയരികിൽ നമ്മുടെ സ്വന്തം പ്ലാവ് നിൽക്കുന്നത് കണ്ടപ്പോൾ , അവിചാരിതമായി

ഒരു പരിചയക്കാരിയെ കണ്ടതുപോലെ കൗതുകവും സന്തോഷവും തോന്നി. പ്ലാവിനെ വേലികെട്ടി സംരക്ഷിക്കാതിരുന്നാൽ ആനകൾ നശിപ്പിക്കില്ലേ എന്ന് ചോദിച്ചപ്പോൾ ശിവലിംഗം തന്ന ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങൾക്ക് വേലിയും അതിരുമൊന്നുമില്ല. ഞങ്ങളെ പോലെ തന്നെ കാട്ടിലെ സാധനങ്ങൾക്ക് അവർക്കും അവകാശമുണ്ട്. ആനകൾ വന്നു താഴത്തെ ചക്ക തിന്നിട്ടു പോകും. ഞങ്ങൾ മുകളിലത്തെ ചക്ക പറിക്കും !!!

ഒരു ഉയർന്ന പ്രദേശം കരിങ്കല്ല് വെച്ച് കെട്ടി എടുത്തിരിക്കുന്നു . അതിനു മുകളിലായിരുന്നു രംഗനാഥ ക്ഷേത്രം. ക്ഷേത്രത്തിന്റെ സാന്നിധ്യമറിയിച്ച് തുടക്കത്തിൽ തന്നെ വലിയ ഒരു കൽ വിളക്ക് സ്ഥാപിച്ചിരുന്നു.

credit: third party image reference

പടികൾ കയറി മുകളിൽ എത്തിയാൽ ആൽമരത്തിന്റെ ചുവട്ടിൽ രംഗനാഥനെയും , ദേവിയെയും തുറസ്സായ സ്ഥലത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. വൃക്ഷത്തിന്റെ താഴ്ഭാഗത്തു നിറയെ മഞ്ഞളും കുങ്കുമവും പുരട്ടിയിട്ടുണ്ടായിരുന്നു.

കമ്പും കരിയിലയും കൊണ്ട് ഉണ്ടാക്കിയ പൊളിഞ്ഞ വേലി ചുറ്റുമായിട്ട് കാണാം. മുകളിൽ കമ്പുകൾ കുറുകെ വെച്ചു ഷീറ്റ് വിരിച്ചിരുന്നു.ഞങ്ങൾ പോയപ്പോൾ ശിവലിംഗത്തിന്റെ സഹോദരി മാധവി പൂജക്കുള്ള ഒരുക്കങ്ങൾ ചെയ്യുകയായിരുന്നു.

പ്രധാന പ്രതിഷ്ഠയായിരുന്ന ശിവലിംഗം വർഷം പോകും തോറും വളരുന്നു എന്നാണ് ഇവർ പറയുന്നത്! ശനിയാഴ്ച പൂജ സമയത്തു , പൂജാരിയുടെ മേൽ ബാധ കയറുകയും വിശ്വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം പറയുകയും ചെയ്യും . പ്രശ്നങ്ങൾക്ക് പരിഹാരം തേടി ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്തുന്നു. ബാധ കയറുന്ന സമയത്ത് പൂജാരി ആണി തറച്ച മെതിയടി ധരിച്ചു നടക്കും.

ആ പ്രത്യേക മെതിയടി സുഹൃത്ത് അവിടെ നിന്നും കാണിച്ചു തന്നു.

അന്ന് ദീപാവലി ദിവസമായതിനാൽ പൂജ വൈകുമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. അമ്പലത്തിനോട് ചേർന്നായിരുന്നു പൂജാരിയായ ശിവലിംഗത്തിന്റെ വീട്. ആധുനിക രീതിയിൽ കോൺക്രീറ്റും ടൈലും ഇട്ടതായിരുന്നു അത്. പരമ്പരാഗത ശൈലിയിലെ വീട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോഴാണ് ലക്ഷ്മിയമ്മയെ കാണാൻ പറഞ്ഞത് .

അങ്ങനെ ലക്ഷ്മിയമ്മ താമസിക്കുന്ന 'ഗരികെയു' എന്ന ഊരിലേക്ക് പോയി. പോകുന്ന വഴിക്കു പ്രായമായ ഒരു സ്ത്രീയും അവരുടെ മകളും കാട്ടിൽ നിന്നും കൂൺ പറിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ വണ്ടി നിർത്തിയതും അവർ ഫോറസ്റ്റ്ക്കാരാണെന്ന് ധരിച്ച് കൂണെല്ലാം താഴെ ഇട്ടപ്പോൾ നൊമ്പരം തോന്നി. കാട്ടിലെ മക്കളായിട്ട് പോലും അവർക്ക് അവിടന്ന് സാധങ്ങൾ എടുക്കാൻ മറ്റുള്ളവരുടെ അനുമതി വേണം !!!

വഴിയിൽ ഒരു ഹോണ്ട ആക്ടിവയിൽ വളയും പൊട്ടും ചാന്തും കളിപ്പാട്ടവുമൊക്കെ വിൽക്കുന്ന കച്ചവടക്കാരനെയും കാണാൻ പറ്റി. ഇരിക്കാനുള്ള സ്ഥലം ഒഴിച്ച് ആക്റ്റീവക്ക് ചുറ്റിലും മലപോലെ സാധനങ്ങൾ വെച്ചുള്ള അയാളുടെ യാത്ര കാണാൻ രസമായിരുന്നു.

വണ്ടിയിൽ അര മണിക്കൂർ സഞ്ചരിച്ചാണ് 'ഗരികെയു' എത്തിയത്. റോഡ്സൈഡിൽ തന്നെ നേരത്തെ കണ്ട പോലത്തെ ഒന്ന് രണ്ടു കെട്ടിടങ്ങളായിരുന്നു. അതിനു മുന്നിൽ ഒരു വൃദ്ധൻ തെറ്റാലിയുമായി നിൽക്കുന്നു. ചോദിച്ചപ്പോഴാണ് പറയുന്നത് അവിടെ കുരങ്ങിന്റെ ശല്യം അസഹ്യമാണെന്ന്. വാനരന്മാരെ ഓടിക്കാനായിരുന്നു പാവം അപ്പാപ്പൻ അവിടെ കാവൽ നിന്നത്. പറഞ്ഞു തീർന്നതും ഒരു വാനരൻ അവിടെ വെച്ചിരുന്ന ഒരു പ്ലാസ്റ്റിക് പാത്രം എടുത്തുകൊണ്ടോടി. തെറ്റാലി ശെരിയാക്കിയപ്പോഴേക്കും വാനരൻ കുസൃതി കുട്ടിയെപ്പോലെ തിരിഞ്ഞ് നോക്കി ഓടി മറഞ്ഞു.

ആ സമയത്തു ശരവണൻ ഇറങ്ങി വന്നു. ശരവണന്റെ മുത്തശ്ശിയാണ് ലക്ഷ്മിയമ്മ. ശരവണൻ ഞങ്ങളെയും കൂട്ടി കാപ്പി തൊട്ടതിന്റെ ഇടയിലൂടെ കുറേ ദൂരം നടന്നു. അവസാനം ഉൾക്കാട്ടിലുള്ള ലക്ഷ്മിയമ്മയുടെ കുടിലിലെത്തി. സാധാരണ കാണാറുള്ള കുടിലിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ആ കുടിൽ . ഒറ്റമുറിയുള്ള ആ കുടിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയതും വാതിലുകളില്ലാത്തതുമായിരുന്നു. മേൽക്കൂര മുളയുടെ ഫ്രെയിമിൻ്റെ പുറത്ത് വിരിച്ച പ്ലാസ്റ്റിക് ഷീട്ടയിരുന്ന്.

മൂന്നു ഭിത്തിയും തുറസ്സായ ഒരു ഭാഗവും. മുറിയിൽ ഒരു മൂലയ്ക്ക് അടുപ്പും, പാത്രങ്ങൾ വെക്കാനുള്ള ഷെൽഫും എല്ലാമുണ്ട്. ഒരു വശത്തായി വ്യത്യസ്തമായ കട്ടിലും. കട്ടിലിന്റെ കാൽ നിലത്തുറപ്പിച്ചിരിക്കുകയാണ്. അതിന്റെ പുറത്തു പലകകൾ വെച്ചാണ് കട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്. യാതൊരു അടച്ചുറപ്പും ഇല്ലാത്ത ഈ കുടിലിൽ, കാടിന്റെ നടുവിൽ തൊണ്ണൂറ്റിയാറ് വയസ്സുകാരി ഒറ്റയ്ക്ക് താമസിക്കുന്നത് എന്നെ അദ്‌ഭുതപ്പെടുത്തി.

മുറിയുടെ വശത്ത് തൊഴുത്തു പോലെ കുറച്ചുകൂടി വലുപ്പമുള്ള ഒരു മുറി കണ്ടു. അത് പുള്ളിക്കാരിയുടെ കോഴികൾക്കും , പട്ടിക്കുമൊക്കെ താമസിക്കാൻ വേണ്ടിയാണ് പോലും. പുള്ളിക്കാരി തന്നെയാണത്രെ ആ കുടിലിന്റെ ശിൽപി. വലിയ വീടുകളും ചെറിയ കോഴിക്കൂടും കണ്ടു വളർന്ന നമുക്ക് ഒരു വലിയ പാഠമാണ് ലക്ഷ്‌മിയമ്മ . താൻ താമസിക്കുന്ന മുറിയെക്കാൾ വലിപ്പമുള്ള മുറി തന്റെ കൂടെ താമസിക്കുന്ന മിണ്ടാപ്രാണികൾക്ക് ഒരുക്കിയ ആ വൃദ്ധയോടു ബഹുമാനം തോന്നി.

വളരെ ഉൽസാഹത്തോടെ അവർ , അവരുടെ വീടിനും ചുറ്റും ചെയ്യുന്ന തിന കൃഷി കാണിച്ചു തന്നു. ഈ പ്രായത്തിലും ഒരു നിമിഷം പോലും അവർ വെറുതെ ഇരിക്കുന്നില്ല. ഒഴിവു സമയത്തു പുൽച്ചൂലുണ്ടാക്കും പോലും. പുല്ലിന്റെ അറ്റം ചതക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തടി കഷ്ണം അവിടെയുണ്ടായിരുന്നു. കാട്ടിൽ ഒറ്റയ്ക്ക് താമസിക്കാൻ പേടിയില്ലേ എന്ന് ചോദിച്ചപ്പോൾ പുള്ളിക്കാരി പറഞ്ഞത്, മൃഗങ്ങൾ എന്നെ ഒന്നും ചെയ്യില്ല. ഞാൻ ഇവിടെ സുരക്ഷിതയാണ് . തെറ്റ് ചെയ്തവരെ മാത്രമേ മൃഗങ്ങൾ ആക്രമിക്കു.

അവരെ അടുത്തറിഞ്ഞപ്പോൾ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു ഉത്തമ ഉദാഹരണമായിട്ടാണ് എനിക്ക് തോന്നിയത്.

ഈ ധൈര്യം എവിടുന്നു കിട്ടി എന്ന് ചോദിച്ചപ്പോൾ അവർ പറയുന്നത് അവരുടെ സമുദായത്തിൽ സ്ത്രീക്ക് വളരെ പ്രാധാന്യമുണ്ട്. പുരുഷന്റെ വീട്ടിൽ നിന്നും ഇങ്ങോട്ടു പൈസ തന്നാണ് പോലും പെൺകുട്ടികളെ വിവാഹം ചെയ്യുക. എന്തിനു പറയുന്നു നാട്ടിൽ ഒരു ഒത്തുക്കൂടൽ ഉണ്ടായാൽ, ആദ്യത്തെ സന്താനം പെൺകുട്ടി ആയവർക്കെ ആദ്യം ഇരിക്കാൻ അവകാശമുള്ളു. ഊരിലെ മൂപ്പന് പോലും ഈ നിയമം ബാധകമാണ്!!! തീരുമാനങ്ങൾ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് എടുക്കുന്നത്. വെറുതെയല്ല ലക്ഷ്മിയമ്മ ഇത്ര ധൈര്യശാലിയായത് .

സമയക്കുറവു മൂലം ഞങ്ങൾ അവിടന്നിറങ്ങി . തിരികെ വണ്ടിയിലേക്ക് നടക്കുമ്പോൾ വിജു, ശിവയേയും കൂട്ടരെയും പരിചയപ്പെടുത്തി. ശിവ ആദിവാസി പാട്ടുകാരനായിരുന്നു. ആ ഊരിലെ കുട്ടികളെയെല്ലാം ശിവയും സുഹൃത്തുക്കളും ചേർന്ന് ഇരുളരുടെ പാട്ടുകളും, വാദ്യോപകരണങ്ങളും പഠിപ്പിക്കുന്നു.

പറയാൻ വിട്ടു പോയി, നീലഗിരിയിലെ ആദിവാസകളിൽ, പാട്ടിനു പേരെടുത്തവരായിരുന്നു ഇരുളർ. പണ്ട് കാലത്ത് , മറ്റു ആദിവാസികളുടെ എല്ലാ ചടങ്ങിനും പ്രത്യേകിച്ചു മരണാനന്തര ചടങ്ങുകൾക്ക് , പാട്ടു പാടാൻ ഇവരെ ആയിരുന്നു നിയോഗിച്ചിരുന്നത്.

ശിവ നിർബന്ധിച്ച് ,ശിവയുടെ വീട്ടിൽ കൊണ്ട് പോയി ആദിവാസികളുടെ വാദ്യോപകരണങ്ങൾ കാണിച്ചു തന്നു. മുളയും , ചൂരലും , ആട്ടിൻതോലും ഒക്കെ കൊണ്ടായിരുന്നു ഇതുണ്ടാക്കിയിരുന്നത്. ഓരോ മുളയും തട്ടി നോക്കി, അത് പുറപ്പെടുവിക്കുന്ന ശബ്ദം അടിസ്ഥാനപ്പെടുത്തിയാണ് പ്രസ്തുത മുള ഉപയോഗിച്ച് ഏത് വാദ്യോപകരണമാണ് ഉണ്ടാകേണ്ടത് എന്ന് തീരുമാനിക്കുക !

ഇതു കൂടാതെ മുളയുടെ പുറം ഭാഗം ചീകിയെടുത്തുണ്ടാക്കിയ കുട്ടകളും , ലാംപ് ഷെയ്‌ഡും , ഓർഡർ അനുസരിച്ച് ഉണ്ടാക്കി വെച്ചിരുന്നു.അത് കൈയ്യിൽ പിടിച്ചപ്പോൾ, സാധാരണ നമ്മുടെ നാട്ടിൽ കിട്ടുന്ന ഉൽപ്പന്നങ്ങളെക്കാൾ നല്ല ഉറപ്പും ഭംഗിയും ഉള്ളതായി തോന്നി . ശിവയാണ് പറഞ്ഞത് സാധാരണ മുളയുടെ അകം പാളിയാണ് ഉപയോഗിക്കുക എന്ന്. അത് അധികം ഈട് നിലനിൽക്കില്ലത്രെ.

ഇവർ എല്ലാം മുളയുടെ പുറം പാളി ചീകിയെടുത്ത് അതുകൊണ്ടാണ് ഉണ്ടാക്കുന്നത്. അതിനാൽ ഇവരുടെ ഉൽപ്പന്നങ്ങൾക്ക് ഒരു പച്ച നിറമുണ്ടായിരുന്നു. ഒരു മുളയിൽ നിന്നും ധാരാളം അകം തോല് കിട്ടും പക്ഷേ വളരെ കുറച്ചെ പുറംതോലു കിട്ടുകയുള്ളു. ലാഭത്തിനെക്കാൾ , ഗുണമേന്മക്കായിരുന്നു അവർ മുൻതൂക്കം നൽകിയത്. ശെരിക്കും ഇവരുടെ ചിന്താഗതികളെല്ലാം ഞാൻ അദ്‌ഭുതത്തോടെയാണ് മനസ്സിലാക്കിയത് .

ഇരുളരുടെ കൂടെ രണ്ടു മണിക്കൂറേ ചിലവഴിച്ചൊള്ളുവെങ്കിലും, ജീവിതത്തെ കുറിച്ച് വലിയ കാര്യങ്ങളാണ് മനസ്സിലാക്കാൻ പറ്റിയത്. പൊതുവെ ആദിവാസികളിൽ പോലും ഏറ്റവും താഴ്ന്ന ജാതിക്കാരായിട്ടാണ് ഇവരെ ആളുകൾ കാണുന്നത്. പക്ഷേ വലിയ മനസ്സിനു ഉടമകളും, ഉയർന്ന ചിന്താഗതിക്കാരുമായിരുന്നു ഇവർ എന്നടുത്തിടപഴകിയപ്പോൾ തോന്നി പോയി.

യാത്രകൾ ഇനിയും തുടരണം...

പാർശ്വവൽക്കരിക്കപ്പെട്ട നന്മ മരങ്ങളുടെ ജീവിതരീതിയും മണ്ണും മനവുമറിഞ്ഞുള്ള കൊച്ചു യാത്രകൾ...!

ചെറിയ മനുഷ്യരുടെ, രേഖപ്പെടുത്താത്ത വലിയ ലോകം തേടിയുള്ള സൗഹൃദ യാത്രകൾ.... !

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
Powered by WeMedia

Join largest social writing community;
Start writing to earn Fame & Money