ശബരിമലയില്‍ പിണറായി സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെതിരെ പന്തളം രാജകുടുംബം

East Coast Daily Fri Oct 09 2020

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് മഹാമാരി വ്യാപിക്കുന്നതിനിടയിൽ ശബരിമല തീര്‍ത്ഥാടനത്തിന്റെ കാര്യത്തിലും ക്ഷേത്രത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെങ്കിലും ദേവസ്വം ബോര്‍ഡും കേരള സര്‍ക്കാരും ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ക്ഷേത്രത്തിന്റെയും ദേവന്റെയും താത്പ്പര്യങ്ങള്‍ക്ക് ഒട്ടും ഗുണകരമല്ലെന്ന് പന്തളം കൊട്ടാരം.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജന സംഘടനകള്‍, ഗുരുസ്വാമിമാര്‍, ആചാര്യശ്രേഷ്ഠര്‍, തന്ത്രിമുഖ്യര്‍, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ആലോചനകള്‍ക്കു ശേഷം മാത്രമേ പാടുള്ളൂ. മഹാമാരിയുടെ വ്യാപനം സംസ്ഥാനത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, തീര്‍ത്ഥാടനത്തിനും ദര്‍ശനത്തിനും സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അയ്യപ്പഭക്തരുടെ സുരക്ഷയെ വളരെയേറെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്ന് കൊട്ടാരം ചൂണ്ടിക്കാട്ടി.

മഹാമാരിയുടെ സമൂഹവ്യാപനം നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുമ്പോള്‍ വീണ്ടുവിചാരമില്ലാതെയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിന് പിന്നിലെ വിശ്വാസപ്രമാണങ്ങളും പ്രായോഗികതയും മനസ്സിലാക്കാതെയും, പ്രോട്ടോക്കോള്‍ പാലിക്കാതെയും ആളുകളെ മല കയറ്റിവിട്ട് അധികൃതര്‍ ആപത്ക്കരമായ സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തരുത്. അയ്യപ്പഭക്തരുടെ ജീവന്‍ വെച്ച് പന്താടുന്ന ഇത്തരം ശ്രമങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ അധികൃതര്‍ ബന്ധപ്പെട്ട എല്ലാവരുമായും നടത്തണം. സര്‍ക്കാര്‍ കൊറോണ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുമപ്പുറം ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് സ്വേച്ഛാധിപത്യപരമായി തീരുമാനം കൈക്കൊള്ളുന്നത് മതേതര സര്‍ക്കാരിന് ഭൂഷണമല്ലെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

This article represents the view of the author only and does not reflect the views of the application. The Application only provides the WeMedia platform for publishing articles.
view source

Join largest social writing community;
Start writing to earn Fame & Money